admin
December 27 2025 Politics
അൽഗോരിത നിയന്ത്രിത കാലത്ത് പൊതുജന ജാഗ്രത അനിവാര്യം: വി ഡി സതീശൻ

കൊച്ചി: യാഥാർഥ്യങ്ങളെ മറച്ചുവെക്കാനും ക്ഷണിക വികാരങ്ങളെ ഉപയോഗപ്പെടുത്താനുമാണ് പി ആർ ഏജൻസികൾ തങ്ങളുടെ കൺസൾട്ടൻസികളായ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി ആർ ഏജൻസികൾ ഗീബൽസിയൻ ദൗത്യങ്ങളാണ് നിർവഹിക്കുന്നതെന്നും അൽഗോരിത നിയന്ത്രിതകാലത്ത് പൊതുജന ജാഗ്രത അനിവാര്യമെന്നും വിഡി. ‘നമ്മൾ നാടായ കഥ’ എന്ന പ്രമേയത്തിൽ ഇടപ്പള്ളിയിൽ വെച്ച് എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘നേര് പറയുന്നു’ ച‍ർച്ചാസം​ഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും പരസ്പരാശ്രിതരാണ്. മതവിശ്വാസം നാടിനെ ഒരുമിച്ചുനിർത്താനുള്ള പ്രേരകമാണെന്നാണ് ചരിത്രം തെളിയിക്കുന്നതെന്നും ചർച്ച അഭിപ്രായപ്പെട്ടു. ഭരണഘടനാ തത്വങ്ങളുടെ ലബോറട്ടറിയായിരിന്നു ദേശീയ പ്രസ്ഥാനങ്ങൾ . തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യംവെച്ച് നടത്തുന്ന താത്കാലിക നീക്കുപോക്കുകൾ ദീർഘാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങളാണ് വിളിച്ചുവരുത്തുകയെന്നും രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ടാവേണ്ട ഈ തിരിച്ചറിവ് നാടിന്റെ നിൽനിൽപ്പിന്റെ ഭാഗമാണെന്നും സം​ഗമം അഭിപ്രായപ്പെട്ടു.

കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയുടെ ഭാ​ഗമായാണ് എസ്. എസ്. എഫ് ‘നമ്മൾ നാടായ കഥ’ കാമ്പയിൻ സംഘടിപ്പിക്കുന്നത് . കാമ്പയിൻ ഭാഗമായി ആയിരം ഗ്രാമങ്ങളിൽ പഴയകാല ഓർമ്മകൾ പങ്കുവെക്കുന്ന ബഹുസ്വര സംഗമങ്ങൾ നടക്കും.

കേരളത്തിന്റെ സാമൂഹികാന്തരീക്ഷം, സമകാലിക രാഷ്ട്രീയ വെല്ലുവിളികൾ, സാംസ്‌കാരിക പൈതൃകം എന്നിവ പ്രമേയമാക്കി ഗൗരവമായ ചർച്ചകൾക്കാണ് വേദി സാക്ഷ്യംവഹിച്ചത്. ചരിത്രത്തെയും വർത്തമാനത്തെയും ശരിയായ ദിശയിൽ വിലയിരുത്തേണ്ടതിന്റെ പ്രാധാന്യം സംഗമം അടിവരയിട്ടു. ഉച്ചയ്ക്ക് 2.30-ന് ആരംഭിച്ച പരിപാടിയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ സനീഷ് ഇളയിടത്ത്, എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി അനസ് കെപി എന്നിവരും വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിദ്യാർഥികളും പങ്കെടുത്തു.