admin
June 10 2026 Press Meet
സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം: വ്യാഴാഴ്ച തൃശ്ശൂരിൽ തുടക്കം

തൃശ്ശൂർ: എസ് എസ് എഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം വ്യാഴാഴ്ച തൃശ്ശൂർ ചെറുതുരുത്തിയിൽ ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടി സമസ്ത ജനറൽ സെക്രട്ടറി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും. ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി,പേരോട് അബ്ദുറഹ്മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, താഴപ്ര മൊയ്തീൻകുട്ടി മുസ്‌ലിയാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ഐ എം കെ ഫൈസി കല്ലൂർ, അബ്ദുന്നാസിർ അഹ്സനി ഒളവട്ടൂർ, പി എസ് കെ മൊയ്‌ദു ബാഖവി മാടവന, ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, ഇസ്സുദ്ധീൻ കാമിൽ സഖാഫി കൊല്ലം, അലവി സഖാഫി കൊളത്തൂർ, അബ്ദുല്ല അഹ്സനി ചെങ്ങാനി, ഫള്ൽ അഹ്സനി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, എൻ എം സ്വാദിഖ് സഖാഫി, തുടങ്ങിയ പണ്ഡിത പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.“സമസ്ത: സമഗ്രതയുടെ സഞ്ചാരം” എന്ന പ്രമേയത്തിൽ രണ്ട് വേദികളിലായി വിവിധ സെഷനുകളും അവതരണങ്ങളും നടക്കും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ കേരളത്തിന്റെ വിവിധ കാമ്പസുകളിൽ നിന്നായി പ്രവേശന പരീക്ഷയിലൂടെ തിരെഞ്ഞടുക്കപ്പെട്ട അഞ്ഞൂറ് പ്രതിനിധികൾ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി ഫത്ഹുൽ മുഈൻ, ശറഹു ജംഇൽ ജവാമിഅ എന്നീ ഇസ്‌ലാമിക ഗ്രന്ഥങ്ങളെ ആസ്പദമാക്കിയുള്ള വൈജ്ഞാനിക മത്സരങ്ങളും നടക്കും.പ്രവാചകർ മുഹമ്മദ് നബി(സ്വ)യിൽ നിന്ന് സ്വഹാബികളും ( അനുചരർ ) താബിഉകളും ഇമാമുമാരും മുഖേന കൈമാറ്റം ചെയ്യപ്പെട്ട ഇസ്‌ലാമിക ആശയാദർശങ്ങളെയും സന്ദേശങ്ങളെയും അതിന്റെ തനിമയോടെ സംരക്ഷിച്ചു പോരുന്ന കേരളീയ ഉലമാ പാരമ്പര്യം പരിപാടിയിലെ പ്രധാന ചർച്ചാവിഷയമാകും. ഇസ്‌ലാമിക വിജ്ഞാനലോകത്തെ വിവിധ ജ്ഞാന ശാഖകൾ, കേരളീയ ഉലമാക്കളുടെ വൈജ്ഞാനിക സംഭാവനകൾ, സനദ് എന്നിവയുടെ വൈവിധ്യമാർന്ന ആവിഷ്കാരങ്ങളും പരിപാടിയോടനുബന്ധിച്ച് നടക്കും.