admin
May 25 2025 Higher Secondary
വിദ്യാർത്ഥികളിലെ ആത്മഹത്യാ പ്രവണത: സുപ്രീം കോടതിയുടെ നിരീക്ഷണം ഗൗരവതരം- എസ്. എസ്. എഫ്

കോഴിക്കോട് : അമിതമായ അക്കാദമിക് സമ്മർദ്ദം കാരണം ഇന്ത്യയിലെ വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത അപകടകരമാണെന്നും വിദ്യാർഥികൾക്ക് പഠിച്ച് വളരാൻ അനുയോജ്യമായ പഠനാന്തരീക്ഷം ഒരുക്കാൻ അധികൃതർ തയ്യാറാവണം എന്നും എസ് എസ് എഫ് അഭിപ്രായപ്പെട്ടു. രാജസ്ഥാനിലെ കോട്ലയിലെ വിദ്യാർത്ഥികളുടെ ആത്മഹത്യ വ്യാപകമായ സംഭവത്തിൽ സുപ്രീംകോടതി ഉയർത്തിയ ആശങ്കകളും ചോദ്യങ്ങളും ഇതിനെ സാധൂകരിക്കുന്നതാണ്. വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്ന ഭീമമായ കരിയർ സ്വപ്നങ്ങളും അമിതമായ പ്രതീക്ഷകളും വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും വലിയ മാനസിക സമ്മർദ്ദത്തിലേക്ക് വിദ്യാർത്ഥികളെ തള്ളി വിടുകയും ചെയ്യുന്നു. 2023-ലെ NCRB റിപ്പോർട്ട് പ്രകാരം വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്കിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മത്സര പരീക്ഷകളുടെ അമിതമായ സമ്മർദ്ദവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ അതിപ്രസരവും വിദ്യാർത്ഥിത്വത്തിന് വലിയ ആഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

എസ് എസ് എഫ് ഹയർസെക്കൻഡറി ഡിവിഷൻ, ജില്ലാ നേതൃ പരിശീലന ക്യാമ്പിലാണ് സംസ്ഥാന കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിച്ചത്. സംഗമം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി സിആർ കുഞ്ഞു മുഹമ്മദ്, സിഎ അഹമ്മദ് റാസി, സികെ മുഹമ്മദ് റഫീഖ്, അബ്ദുൽ ഹഫീള് അഹ്സനി, എസ് ഷമീർ, ടികെ മുഹമ്മദ് റമീസ് പ്രതിനിധികളോട് സംവദിച്ചു.