admin
October 5 2025 Profsummit
പ്രൊഫഷണൽ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ അക്കാദമിക ഗവേഷണങ്ങൾ ഉയർന്നുവരുന്നത് ശുഭപ്രതീക്ഷ: എസ്എസ്എഫ് റിസർച്ച് വെബിനാർ

കോഴിക്കോട്: രാജ്യത്തെ വിവിധ പ്രൊഫഷണൽ കോളേജുകളിൽ ഡിഗ്രി തലങ്ങളിൽ നിന്ന് തന്നെ കൂടുതൽ അക്കാദമിക ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച് വരുന്നത് ശുഭപ്രതീക്ഷ നൽകുന്നതെന്ന് കോഴിക്കോട് എൻഐടി കെമിസ്ട്രി വിഭാഗം മേധാവിയും ഗവേഷകനുമായ ഡോ. എ സുജിത്ത് അഭിപ്രായപ്പെട്ടു.

പതിനേഴാമത് എഡിഷൻ പ്രൊഫ്‌സമ്മിറ്റിന് മുന്നോടിയായി എസ്എസ്എഫ് കേരള കാമ്പസ്‌ സിൻഡിക്കേറ്റിന് കീഴിൽ നടത്തിയ ‘ടേണിങ് ഐഡിയാസ് ഇൻ ടു റിസർച്ച് പേപ്പേഴ്സ്’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ സ്ട്രീമുകളിലെ വിദ്യാർത്ഥികൾക്കായി ഒരുക്കിയ വെബിനാറുകളായ ‘ഗേറ്റ് വേ ടു ഗേറ്റ്’ന് കോഴിക്കോട് എൻഐടിയിലെ റിസർച്ച് സ്കോളർ എം മുദസിറും, ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കായി ‘യുവർ ജേർണി ബിഗിൻസ് ഹിയർ: എംബിബിഎസ് ഓറിയന്റേഷ’ന് കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പിജി വിദ്യാർത്ഥി ഡോ. തൻവീർ വി.ടി, തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥി മാസിൻ എന്നിവരും, ‘മെഡിസിൻ ഇൻ ദി ജെൻ-സി ഇറ’ വെബിനാറിന് ഡെവലപ്പ്മെന്റൽ പീഡിയാട്രിഷൻ ഡോ. ഇപി ഷാഫിയും നേതൃത്വം നൽകി.

പതിനേഴാമത് പ്രൊഫഷണൽ വിദ്യാർത്ഥികളുടെ സംഗമം, പ്രൊഫ്‌സമ്മിറ്റ് ഒക്ടോബർ 10,11,12 തിയ്യതികളിലായി കോട്ടക്കലിൽ വെച്ച് നടക്കും. വിവിധ പ്രൊഫഷണൽ കോളേജുകളിൽ നിന്നായി മൂവായിരത്തോളം പ്രൊഫഷണൽ വിദ്യാർത്ഥികൾ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും സന്ദർശിക്കുക: profsummit.in