കണ്ണൂർ: എസ് എസ് എഫ് സംസ്ഥാന കാമ്പസ് സിന്റിക്കേറ്റിന്റെ കീഴിൽ നടക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി കാമ്പസ് വിദ്യാർഥികൾക്ക് വേണ്ടി ‘ജൽസ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആത്മീയ സംഗമത്തിന്റെ സംസ്ഥാന ഉദ്ഘാടനം കണ്ണൂർ മെഡിക്കൽ കോളേജ് കാമ്പസിൽ വെച്ച് നടന്നു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ ഉദ്ഘാടനം നിർവഹിച്ചു.
മാർച്ച് 20നകം സംസ്ഥാനത്തെ നൂറിലധികം കാമ്പസുകളിൽ ജൽസ നടക്കും. ഇഫ്താറോട് കൂടെ തുടങ്ങി അത്താഴം വരെ നീണ്ടുനിൽക്കുന്നതാണ് സംഗമം.
റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ വ്യത്യസ്ത കാമ്പസുകളിൽ പഠിക്കുന്ന 5000ത്തിലധികം ഹോസ്റ്റൽ വിദ്യാർഥികൾക്ക് എല്ലാ ദിവസവും ഇഫ്താറും അത്താഴവും നൽകിവരുന്നു. അതിന് പുറമെ കാമ്പസിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് ഇഫ്താർ മീറ്റ്, വിജ്ഞാന സദസ്സ്, ദർസ്, ലഘു ചരിത്ര സന്ദേശം ഉൾക്കൊള്ളുന്ന ക്യൂസ് തുടങ്ങിയ വിവിധ പദ്ധതികൾ നടന്നുവരുന്നു.