കൽപറ്റ : ആശയാസ്ഥിത്വം നഷ്ടപ്പെട്ട ജമാഅത്തെ ഇസ്ലാമി സ്വയം പിരിഞ്ഞു പോകാൻ തയ്യാറാകണമെന്ന് എസ് എസ് എഫ്. കൽപറ്റയിൽ നടന്ന സംസ്ഥാന സ്റ്റുഡൻ്റ്സ് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് എസ് എസ് എഫ് അഭിപ്രായപ്പെട്ടത്. മൗദൂദിയെ തള്ളിപ്പറഞ്ഞ് മുഖ്യധാരയിലേക്ക് കടന്നു വരാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം കാപട്യമാണെന്നും മൗദൂദിയുടെ ആശയങ്ങളെ നിരാകരിച്ച് രംഗത്ത് വരുമ്പോഴും മൗദൂദി സാഹിത്യങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ വിറ്റഴിക്കപ്പെടുന്ന രീതി പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും പ്രമേയത്തിൽ പറയുന്നു. ഇത്രയും നാൾ മൗദൂദിയുടെ വിഷലിപ്തവും നശീകരണാത്മകവുമായ ആശയങ്ങൾ പേറുന്ന, ന്യൂനപക്ഷമെങ്കിലും ഒരു സംഘത്തെ സൃഷ്ടീച്ചതിനും അവർ സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ജമാഅത്ത് അമീർ മറുപടി പറയണം. കാലിക പ്രസക്തിയും ആശയാസ്ഥിത്വവും നഷ്ടപ്പെട്ട ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടന എത്രയും പെട്ടെന്ന് പിരിച്ചു വിട്ട് പൊതു സമൂഹത്തോട് മാപ്പ് പറയാൻ നേതൃത്വം തയ്യാറാകണം. കൂടാതെ നിലവിൽ പുറത്തിറക്കിയ മൗദൂദി സാഹിത്യങ്ങൾ മുഴുവനും വിപണിയിൽ നിന്നും സമ്പൂർണമായി പിൻവലിച്ച് സാമൂഹിക ക്രമത്തെ ദോഷകരമായി ബാധിക്കുന്ന വിഷലിപ്തമായ ആശയങ്ങൾ പ്രചരിക്കുന്നത് തടഞ്ഞ് സമൂഹത്തോടുള്ള ബാധ്യത നിറവേറ്റാൻ തയ്യാറാവുകയും ചെയ്യണം.
എസ് എസ് എഫ് ദേശീയ പ്രസിഡൻ്റ് നൗഷാദ് ആലം മിസ്ബാഹി ഒഡീഷ കൗൺസിൽ ഉദ്ഘാടനം ചെയ്തു. കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ സി മുഹമ്മദ് ഫൈസി കൗൺസിലിനെ അഭിവാദ്യം ചെയ്തു. എസ് എസ് എഫ് ദേശീയ സെക്രട്ടറി മുഹമ്മദ് ശരീഫ് ബംഗളൂരു, ഐ പി ബി ഡയറക്ടർ എം അബ്ദുൽ മജീദ് അരിയല്ലൂർ എന്നിവർ സംസാരിച്ചു. സ്വാദിഖ് സഖാഫി പെരിന്താറ്റിരി, കെ വൈ നിസാമുദ്ധീൻ ഫാളിലി, സി എൻ ജാഫർ സ്വാദിഖ് എന്നിവരുടെ നേതൃത്വത്തിൽ കൗൺസിൽ നടപടികൾ പൂർത്തിയായി.
സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ എട്ടുമണിക്ക് സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. ശേഷം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, വൈസ് പ്രസിഡൻറ് പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ടി എ അലി അക്ബർ തൃശ്ശൂർ തുടങ്ങിയവർ സെഷനുകൾക്ക് നേതൃത്വം നൽകും. വൈകിട്ട് നാലിന് കൽപ്പറ്റ നഗരത്തിൽ നടക്കുന്ന റാലിയോടെ സമ്മേളനം സമാപിക്കും